Kerala

നിസാമുദ്ദീന്‍ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലപ്പുറം സ്വദേശിയെ കാണാതായതായി പരാതി

ഉത്തർപ്രദേശ് പൊലീസ് അന്യായ തടങ്കലിൽ വെച്ചിരിക്കുന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും എത്രയും വേഗം കണ്ടെത്താനും മോചിപ്പിക്കാനും എതിർ കക്ഷികൾക്ക് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഹരജി.

നിസാമുദ്ദീനിൽ നടന്ന തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലപ്പുറം സ്വദേശിയെ കാണാതായതായി പരാതി. ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ കോടതി ഉത്തർപ്രദേശ് പൊലീസിന്‍റെയും കേരള പൊലീസിന്‍റെയും വിശദീകരണം തേടി.

മലപ്പുറം ചങ്ങരംകുളം സ്വദേശി അഷ്റഫ് പുള്ളിയിലിനെ കാണാതായത് സംബന്ധിച്ച് സുഹൃത്ത് എം. വി അഹമ്മദ് ഉണ്ണിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ് പൊലീസ് അന്യായ തടങ്കലിൽ വെച്ചിരിക്കുന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും എത്രയും വേഗം കണ്ടെത്താനും മോചിപ്പിക്കാനും എതിർ കക്ഷികൾക്ക് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഹരജി.

കോവിഡ് രോഗവ്യാപനത്തിന് കാരണക്കാരെന്ന കുറ്റം ചുമത്തി സമ്മേളനത്തിന് മലേഷ്യയിൽ നിന്നെത്തിയ പ്രതിനിധികൾക്കൊപ്പം അഷ്റഫിനേയും ഉത്തർപ്രദേശ് പൊലീസ് പിടികൂടി തടങ്കലിലാക്കിയെന്നാണ് ഡൽഹിയിൽ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. പൊലീസ് കേസെടുത്തതായോ ഏതെങ്കിലും ജയിലിൽ പാർപ്പിച്ചതായോ ഹരജിക്കാരനോ ബന്ധുക്കൾക്കോ വിവരം ലഭിച്ചിട്ടില്ല. ലോക്ക്ഡൗൺ മൂലം യാത്രാവിലക്കുള്ളതിനാൽ നേരിട്ട് പോയി അന്വേഷിക്കാനും കഴിയുന്നില്ല. അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്രിമിനൽ നടപടിക്രമം പാലിക്കാതെയാണ് നടപ്പാക്കിയിട്ടുള്ളതെന്നുമാണ് പരാതി.