പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ സമരജീവി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സമരജീവി ആയതില്‍ അഭിമാനിക്കുന്നു, മഹാത്മാഗാന്ധിയാണ് ആര്‍ക്കും ഒഴിവാക്കാനാവാത്ത സമരജീവിയെന്നാണ് ചിദംബരത്തിന്റെ ട്വീറ്റ്.
കര്‍ഷക സമരത്തെ കുറിച്ച് പറയുന്നതിനിടെയാണ് ‘ആന്ദോളന് ജീവി’ എന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്- “പുതിയ തരം ആളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതാണ് ആന്ദോളന് ജീവി (സമരജീവി). അഭിഭാഷകരുടെ പ്രക്ഷോഭത്തില്‍ അവരെ കാണാം, വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ കാണാം. ചിലയിടത്ത് അവര്‍ തിരശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളില്‍ അവര്‍ മുന്നിലാണ്. അവര്‍ക്ക് പ്രക്ഷോഭമില്ലാതെ ജീവിക്കാനാവില്ല. ഇത്തരക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം. അവര്‍ പരാന്ന ഭോജികളാണ്”.
കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ല. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നും മോദി അവകാശപ്പെട്ടു.
പ്രധാനമന്ത്രി കര്‍ഷകരെ അപമാനിച്ചെന്ന പരാതി ഉയര്‍ന്നു. പ്രതിഷേധ സൂചകമായി പലരും ട്വിറ്ററിലെ പേര് തന്നെ മാറ്റി. എഴുത്തുകാരി മീന കന്ദസ്വാമി ട്വിറ്ററില്‍ ആന്തോളന്‍ ജീവി ഡോ. മീന കന്ദസ്വാമി എന്നാണ് മാറ്റിയത്.
പ്രധാനമന്ത്രിയെ പിന്തുണച്ചും അനുകൂലികള്‍ എത്തി. ആന്തോളന്‍ ജീവി എന്നത് ഈ വര്‍ഷത്തിന്റെ തന്നെ വാക്കാണെന്ന് ബിജെപി എംപി പി സി മോഹന്‍ ട്വീറ്റ് ചെയ്തു.