India National

കാർഷിക ബില്ലുകൾക്കെതിരെ വ്യാഴാഴ്ച മുതൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം

കാർഷിക ബില്ലുകൾക്കെതിരെ വ്യാഴാഴ്ച മുതൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം .രാജ്ഭവൻ മാർച്ച്, കർഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നൽകൽ അടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. കർഷകരെ വഞ്ചിക്കുന്ന പ്രധാനമന്ത്രി നുണ ആവർത്തിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

വിദേശത്ത് ചികിത്സയിൽ കഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. പാർലമെന്‍റ് പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രാജ്യത്ത് തുടരുന്ന സമരങ്ങളുടെ നേതൃത്വത്തിലേക്ക് വരികയാണ് കോണ്‍ഗ്രസ്.

24ന് പിസിസികളുടെ നേതൃത്വത്തില്‍ വാർത്താ സമ്മേളനങ്ങള്‍ നടത്തും. 28ന് രാജ്ഭവൻ മാർച്ച് നടത്തി ഗവർണർക്ക് നിവേദനം നല്കും. ഗാന്ധിജയന്തി ദിനം കർഷകദിനമായി ആചരിക്കും.

ഒക്ടോബർ 10ന് കർഷക സമ്മേളനങ്ങൾ ചേരും. നവംബർ 14ന് ബില്ലുകൾ നിയമം ആക്കരുതെന്ന് ആവശ്യപ്പെട്ട് 2 കോടി കർഷകർ ഒപ്പു വെച്ച നിവേദനം രാഷ്ട്രപതിക്ക് സമർപ്പിക്കും. ഡല്‍ഹിയില്‍ നടക്കുന്ന സമരപരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയേക്കും. ശിരോമണി അകാലി ദൾ കർഷക ബില് വിഷയത്തില് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പാർട്ടി വക്താവ് രണ്ദീപ് സുർജെവാല പ്രതികരിച്ചു.