India National

‘രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിത്’ യോഗിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

”ഇന്നലെ മുതല്‍ ബസുകള്‍ രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കിടക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ പോലും അനുമതി നല്‍കുന്നില്ല…’

അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിന് 1000 ബസുകള്‍ ഏര്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം തടയുന്ന യോഗി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1,000 ബസുകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ 72,000 തൊഴിലാളികളെങ്കിലും നാടുകളിലെത്തുമായിരുന്നെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരെ തിരിഞ്ഞത്.

യോഗി സര്‍ക്കാര്‍ അനാവശ്യ തടസങ്ങള്‍ ഉന്നയിച്ച് വൈകിപ്പിക്കുകയാണ്. ഇപ്പോള്‍ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. ഇന്നലെ മുതല്‍ ബസുകള്‍ രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കിടക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ പോലും അനുമതി നല്‍കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.

രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹമില്ലെന്നും പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ബി.ജെ.പി സ്റ്റിക്കറുകള്‍ പതിച്ചിട്ടായാല്‍ പോലും ബസുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണം. എല്ലാ പാര്‍ട്ടികളും രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളെ സഹായിക്കാന്‍ തയ്യാറാവണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ക്കൊടുവില്‍ സര്‍വീസിനുള്ള അനുമതി നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രജിസ്‌ട്രേഷനായി ബസുകള്‍ ലക്‌നൗവില്‍ എത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കിലോമീറ്ററുകള്‍ കാലിയായി ബസുകള്‍ ഓടിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ഇല്ലെങ്കില്‍ ഗാസിയബാദ്, നോയിഡ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് കൈമാറണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പാലിക്കണമെങ്കില്‍ ആദ്യം ബസുകള്‍ അതിര്‍ത്തിയില്‍ നിന്നും കടത്തിവിടണം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

അതിര്‍ത്തിയില്‍ നിന്നും യു.പിയിലേക്ക് ബസുകള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്ദീപ് സിങിനും യു.പി പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനും എതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. അതിഥി തൊഴിലാളികള്‍ക്കായുള്ള ബസ് സര്‍വീസിനെ ചൊല്ലിയുള്ള യുപി സര്‍ക്കാര്‍ – കോണ്‍ഗ്രസ് തര്‍ക്കം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ട്രക്ക് അപകടത്തില്‍ 26 തൊഴിലാളികള്‍ മരിച്ചതിന് പിന്നാലെ പ്രിയങ്ക നടപടിയെടുക്കണമെന്ന് യു.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. അതിര്‍ത്തി കടന്ന് നടന്നോ സൈക്കിളിലോ ട്രക്കുകളിലോ ഒരു തൊഴിലാളിയേയും സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ അതിര്‍ത്തിയില്‍ തൊഴിലാളികള്‍ തിങ്ങിക്കൂടിയതോടെയാണ് പ്രിയങ്ക ബസ് സര്‍വീസിന് അനുമതി ചോദിച്ചത്.