India National

കശ്മീരിന്റേത് റദ്ദാക്കിയത് അഭിനന്ദനീയം; നാഗാലാന്റിന്റെ പ്രത്യേക അധികാരം 371(A) റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് നാഗാ ബി.ജെ.പി

കശ്മീരിന് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ആം വകുപ്പ്, 35 എ വകുപ്പ് എന്നിവ എടുത്തുമാറ്റിയ നടപടി സ്വാഗതാര്‍ഹമാണെങ്കിലും നാഗാലാന്റിന്റെ പ്രത്യേക അധികാരത്തെ റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് നാഗാലാന്റ് ബി.ജെ.പി. നാഗാലാന്റിന് പ്രത്യേക അധികാരം നല്‍കുന്ന 371(A) റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡണ്ട് തെംജന്‍ ഇംന വ്യക്തമാക്കി. അത്തരത്തില്‍ ഒരു ശ്രമം സര്‍ക്കാരില്‍ നിന്നുണ്ടായാല്‍ നാഗാ വിഭാഗക്കാരുടെ ഏക ചരിത്രത്തോട് കൂടെ നില്‍ക്കുമെന്ന് തെംജന്‍ ഇംന പറഞ്ഞു.

ഞങ്ങളുടെ സംശയങ്ങളും ആശങ്കകളും തലസ്ഥാനത്തുള്ള നേതാക്കള്‍ പരിഗണിക്കുമെന്നും നാഗാ ചരിത്രത്തെ ബഹുമാനിക്കുമെന്നും വിശ്വസിക്കുന്നുവെന്ന് നാഗാലാന്റ് ബി.ജെ.പി പ്രസിഡണ്ട് പറഞ്ഞു. നാഗാ ചരിത്രത്തെ അവമതിക്കുന്ന രീതിയില്‍ ഇടപ്പെട്ടാല്‍ ശക്തമായി എതിര്‍ക്കുമെന്നും പ്രസിഡണ്ട് തെംജന്‍ ഇംന വ്യക്തമാക്കി. തദ്ദേശീയ നാഗാ നിവാസി റജിസ്ട്രേഷന്‍, ആഭ്യന്തര അനുവദനീയ രേഖ എന്നിവ സംബന്ധിച്ച നാഗാലാന്റ് നിയമസഭാ സമ്മേളന സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡണ്ട് തെംജന്‍ ഇംന.

നേരത്തെ എം.എല്‍.എ ചോട്ടിസി സാസു തദ്ദേശീയ നാഗാ നിവാസി റജിസ്ട്രേഷന്‍, ആഭ്യന്തര അനുവദനീയ രേഖ എന്നിവ സംബന്ധിച്ച അടിയന്തര പ്രാധാന്യമുള്ള പൊതു നോട്ടീസ് സഭയില്‍ അവതരിപ്പിച്ചിരുന്നു. ഭരണഘടനയിലെ 371(A), തദ്ദേശീയ നാഗാ നിവാസി റജിസ്ട്രേഷന്‍, ആഭ്യന്തര അനുവദനീയ രേഖ എന്നില നാഗാ നിവാസികള്‍ക്ക് സംരക്ഷണം നല്‍കിയിരിന്നുവെന്നും കേന്ദ്രത്തിന്റെ ‘ഒറ്റ രാജ്യം ഒറ്റ നിയമം, അല്ലെങ്കില്‍ ഒറ്റ രാജ്യം ഒറ്റ, സംസ്കാരം, ഒറ്റ രാജ്യം ഒറ്റ മതം’ എന്നിങ്ങനെ നടപ്പിലാക്കിയാല്‍ അത് സംസ്ഥാനത്തിന് ഭീഷണിയാണെന്നും വ്യക്തമാക്കി.

അതെ സമയം നാഗാ ജനങ്ങള്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളില്‍ ഭയപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ഗവര്‍ണര്‍ പത്രക്കുറിപ്പ് വഴി അറിയിച്ചു. നാഗാലാന്റ് ഗവര്‍ണര്‍ ആര്‍.എന്‍ രവിയാണ് ഭരണഘടനയിലെ 371(A) എടുത്തുകളയുമെന്ന കാര്യത്തില്‍ ഭയപ്പെടേണ്ടന്ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം വിലയിരുത്തി ഗവര്‍ണര്‍ രാഷ്ട്രപതി രാം നാഥ്കോവിന്ദിനും ഉപരാഷ്ട്രപതി വെങ്കയനായിഡുവിനും കത്തയിച്ചിട്ടുണ്ട്.