India National

സമയം ഇന്നു തീരും; മാപ്പു പറയാനില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍

ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത്

കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത്. ഭൂഷൺ മാപ്പ് പറഞ്ഞാൽ കേസ് ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ഉത്തരവിട്ടിരുന്നത്. മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി എന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ രണ്ടിന് വിരമിക്കും.

മാപ്പ് പറയില്ലെന്ന് കഴിഞ്ഞദിവസം കോടതിയിൽത്തന്നെ ഭൂഷൺ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, ശനിയാഴ്ച നടന്ന വെബിനാറിൽ പരോക്ഷമായി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ഭൂഷണ് എന്തു ശിക്ഷ നൽകുമെന്നതിലേക്ക് സുപ്രീംകോടതി കടക്കും. ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ജൂണിൽ രണ്ട് ട്വിറ്റർ പരാമർശങ്ങൾ നടത്തിയതിലാണ് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

2009-ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞ മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹം നേരിടുന്നുണ്ട്. ഈ കേസ് ചൊവ്വാഴ്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിക്കുന്നുണ്ട്.