India National

വോട്ടിങ് മെഷീന്‍ തകരാര്‍: തമിഴ്നാട്ടില്‍ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ദക്ഷിണേന്ത്യയില്‍ പുരോഗമിക്കുന്നു. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 63 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷയും പരിശോധനയും എല്ലായിടത്തും കര്‍ശനമാക്കി.

തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരു മണിക്കൂറോളം പോളിങ് വൈകി. വോട്ടിങ് മെഷിനിലെ സാങ്കേതിക തകരാറും വൈദ്യുതിയില്ലാത്തതുമായിരുന്നു പ്രശ്നം‍. ഇവിടങ്ങളിലെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അധിക സമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. തെര‍ഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടും നിരവധി പേര്‍ക്ക് ഇത്തവണ വോട്ടുചെയ്യാന്‍ സാധിച്ചില്ല. ഇത് പലയിടത്തും പ്രതിഷേധത്തിന് ഇടയാക്കി.

പ്രമുഖരെല്ലാം രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി തന്നെ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം വോട്ടഭ്യര്‍ഥിച്ചത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമായി.

മധുരയിലെ മേലൂര്‍ തിരുവാതവൂരില്‍ എ.ഡി.എം.കെ – എ.എം.എം.കെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സേലം, ഈറോഡ് എന്നിവിടങ്ങളില്‍ പോളിങ് ബൂത്തില്‍ വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.

കര്‍ണാടകയില്‍ 14 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സുമലത മത്സരിക്കുന്ന മാണ്ഡ്യയും എച്ച്.ഡി. ദേവഗൌഡ മത്സരിക്കുന്ന തുംകൂരുവുമാണ് പ്രധാന മണ്ഡലങ്ങള്‍. മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. അക്രമ സാധ്യതയുള്ളതിനാല്‍ കനത്ത പൊലീസ് സുരക്ഷയാണ് മഹാരാഷ്ട്രയില്‍ ഒരുക്കിയിട്ടുള്ളത്.