അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. പ്രധാന മന്ത്രിയുടെ വസതിയിലാണ് യോഗം.
താലിബാൽ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുക, നിലവിലെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും തുടർ ഒഴിപ്പിക്കലുമാണ് യോഗം ചർച്ച ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ തിരിച്ചെത്തിച്ചത്. കൂടുതൽ പേരെ തിരികെ കൊണ്ടു വരുന്നതിൽ രണ്ടു ദിവസത്തിൽ വ്യക്തയുണ്ടാവുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. കുടുങ്ങിയവരെ വിമാനത്താവളത്തിൽ എത്തിക്കാനുള്ള വഴികളെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. താലിബാനോടുള്ള സമീപനം മറ്റു ജനാധിപത്യരാജ്യങ്ങളുമായി ചേർന്ന് തീരുമാനിക്കാനാണ് ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗത്തിലുണ്ടായ ധാരണ.
അതേസമയം അഫ്ഗാനിൽ അമേരിക്കയുടെ കൂടുതൽ സൈനികർ വിമാനത്താവളത്തിൻറെ സുരക്ഷ ഉറപ്പാക്കാൻ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാനസർവീസ് പുനസ്ഥാപിക്കാനാണ് സാധ്യത. രണ്ടു ദിവസത്തിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവും. ഉന്നതതലത്തിൽ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.