India

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പെ മോദി കോവിഡിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍

രാജ്യത്ത് ജനുവരി 30നാണ് കോവിഡ് കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നും അതിന് മുമ്പെ വൈറസിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.

രാജ്യത്ത് ജനുവരി 30നാണ് കോവിഡ് കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നും അതിന് മുമ്പെ വൈറസിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കഴിഞ്ഞ കൊല്ലം അവസാനം വരെ കൊറോണ വൈറസിനെപ്പറ്റി ആരും കേട്ടിരുന്നില്ല, ഇന്ത്യയില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30നാണ്(കേരളത്തില്‍). ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പെ എല്ലാ മന്ത്രിസഭാ യോഗങ്ങളിലും വൈറസിനെപ്പറ്റി മോദി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

വൈറസിനെ നേരിടാനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു, ജനങ്ങളെ സ്‌നേഹിക്കുന്ന ഒരു നേതാവിന്റെ അടയാളമാണിതെന്നും പ്രകാശ് ജാവ്‌ദേക്കര്‍ കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ ഗുജറാത്തിലെ ഒരു വെര്‍ച്ച്വല്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 10,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 396 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഐസിയു, ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. ആകെ രോഗികളുടെ എണ്ണം 2,97,535 ആയി. നിലവിൽ 1,41,842 പേർ ചികിത്സയിലുണ്ട്.