India

ഗുജറാത്തിൽ പ്രചാരണം ശക്തമാക്കി ബിജെപിയും കോൺഗ്രസും; രാഹുൽ ഗാന്ധി രണ്ട് റാലികളിൽ പങ്കെടുക്കും

കോൺഗ്രസ് പ്രചാരണത്തിന് ഊർജം നൽകാൻ രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ എത്തും. രാജ് കോട്ടിലും, സൂറത്തിലുമായി രണ്ട് റാലികളിൽ രാഹുൽ പങ്കെടുക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്ന് പ്രചരണത്തിനായി സംസ്ഥാനത്ത് ഉണ്ട്. നിശബ്ദമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി ബിജെപി നേതാക്കൾക്ക് നിർദേശം നൽകി.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഏറ്റവും നിർണ്ണായക ദിനമാണ് ഇന്ന്. നരേന്ദ്ര മോദി – രാഹുൽ ഗാന്ധി- അരവിന്ദ് കേജ്രിവാൾ മൂവരും ഇന്ന് ഗുജറാത്തിലെ പോരാട്ടഭൂമിയിൽ ഉണ്ടാകും.ഭാരത്‌ ജോഡോ യാത്ര ആരംഭിച്ച ശേഷം ആദ്യമായി രാഹുൽ വോട്ട് ചോദിച്ചു ഇറങ്ങുകയാണ് ഇന്ന്.ഹിമാചൽ പ്രചരണത്തിൽ നിന്നും വിട്ടു നിന്ന രാഹുൽ ഗുജറാത്ത് കോൺഗ്രസിന്റ നിർബന്ധത്തിന് വഴങ്ങിയാണ് സംസ്ഥാനത്ത് എത്തുന്നത്.ഇത് വരെയും നിശബ്ദ പ്രചാരണത്തിൽ ആയിരുന്ന കോണ്ഗ്രസ് രാഹുലിന്റെ വരവോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

പൊതു സമ്മേളനങ്ങളും റാലികളും, വാർത്ത സമ്മേളനങ്ങളും വരെ ഒഴിവാക്കിയാണ് ഇതുവരെയും കോണ്ഗ്രസ് പ്രചരണം മുന്നോട്ട് നീങ്ങിയത്.ആം ആദ്മിയുടെ സാന്നിധ്യം കോൺഗ്രസിനെ തകർക്കും എന്ന് സംസ്ഥാന ബിജെപി നേതാക്കൾ കണക്ക് കൂട്ടുമ്പോൾ, പുറമേക്ക് കാണുന്നത് കണക്കിൽ എടുക്കരുതെന്നും, നിശബ്ദമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നുമാണ് പ്രത്യേക യോഗത്തിൽ പ്രധാന മന്ത്രി നിർദേശം നൽകിയത്.

2002 മുതൽ 2017 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി സീറ്റുകൾ കുറയുകയും കോണ്ഗ്രസ് സീറ്റുകൾ ചിട്ടയായി ഉയരുകയും ചെയ്‌തെന്ന കണക്കുകളും ബിജെപിക്ക് ആശങ്ക ഉയർത്തുന്നുണ്ട്. മുതിർന്ന നേതാക്കൾ അടക്കം അടിത്തട്ടിൽ പ്രചരണത്തിന് ഇറങ്ങാൻ ബിജെപി തീരുമാനിച്ചതും ഈ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ്.