India Kerala

സംസ്ഥാനത്തിന്റെ വരവെത്ര? കടമെത്ര? ചിലവെത്ര?; സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായി അറിയാം…

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിഭാവസമാഹരണം നടത്തുന്നതില്‍ തന്നെയാകും ബജറ്റിന്റെ ഊന്നല്‍. എത്രത്തോളം രൂക്ഷമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദമായി പരിശോധിക്കാം.

ബജറ്റില്‍ ലക്ഷ്യമിട്ട ജിഎസ്ടി വരുമാനം 43,383.84 കോടി രൂപ. ഡിസംബര്‍ വരെ കിട്ടിയത് 27.285.55 കോടി രൂപ. 62.89 ശതമാനം മാത്രമാണ് വരവ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മൂന്നു മാസങ്ങള്‍ കൊണ്ട് 37 ശതമാനത്തിലധികം പിരിഞ്ഞുകിട്ടാന്‍ പോകുന്നില്ല. ജനുവരിയിലെ കച്ചവടം കഴിഞ്ഞു. അതും ഒട്ടും ആശാവഹമല്ല. വ്യാപാരികള്‍ റിട്ടേണുകള്‍ നല്‍കി വരുന്നേയുള്ളു എന്നതിനാല്‍ ആ കണക്കിന് കാത്തിരിക്കണം. ഫെബ്രുവരിയിലും മാര്‍ച്ചിലും സാധാരണ കച്ചവടം നാമമാത്രമാണ്. ജിഎസ്ടിയില്‍ മാത്രമല്ല സ്റ്റാംപ് രജിസ്‌ട്രേഷനും ലക്ഷ്യമിട്ടതിന്റെ 66 ശതമാനം മാത്രമാണ് നടന്നത്. ആറായിരത്തി ഒരുനൂറു കോടി ലക്ഷ്യമിട്ടതില്‍ കിട്ടിയത് 4050 കോടി. ഭൂമി കച്ചവടവും താഴേക്ക് എന്ന് അര്‍ത്ഥം.

വില്‍പന നികുതിയിലാണ് പെട്രോള്‍ ഡീസല്‍ വരുന്നത്. 28,645 കോടി ലക്ഷ്യമിട്ടതില്‍ കിട്ടിയത് 18, 617 കോടി രൂപ മാത്രം. അറുപത്തിനാലു ശതമാനത്തിന്റെ പരിസരത്തു നില്‍ക്കുന്നു. നമ്മുടെ വണ്ടികള്‍ പഴയതുപോലെ ഓടുന്നില്ല. ചരക്കു നീക്കത്തിലുണ്ടായ കുറവാണ് ഇതിലേക്കു വിരല്‍ചൂണ്ടുന്നത്. മറ്റൊരു പ്രധാന വരുമാനമാണ് മദ്യവരുമാനം. അതില്‍ മാത്രമാണ് ശേഷിക്കുന്ന രണ്ടുമാസംകൊണ്ട് ലക്ഷ്യത്തിന്റെ അടുത്തെങ്കിലും എത്താന്‍ സാധിക്കുന്നത്. 2975 കോടി ലക്ഷ്യമിട്ടതില്‍ ഡിസംബര്‍ 31 വരെ മാത്രം 2085 കോടി പിരിഞ്ഞു.

കേന്ദ്രനികുതിയിലെ സംസ്ഥാന വിഹിതത്തിന്റെ സ്ഥിതിയും ആശാവഹമല്ല. 14,024 കോടി ലക്ഷ്യമിട്ടതില്‍ 8439 കോടി മാത്രമാണ് കിട്ടയത്. സംസ്ഥാനത്തു പിരിച്ച നികുതിയില്‍ എന്നതുപോലെ കേന്ദ്രവിഹിതത്തിലും വലിയ കുറവ്. 60 ശതമാനം മാത്രമാണ് ലഭിച്ചത്. കേന്ദ്ര ഗ്രാന്‍ഡ് 15866 കോടി കിട്ടും എന്നു കരുതി തയ്യാറാക്കിയ ബജറ്റാണ്. കേന്ദ്രം നല്‍കിയത് 6342 കോടി രൂപ മാത്രം. ലക്ഷ്യമിട്ടതിന്റെ നാല്‍പ്പതു ശതമാനം. ഏറ്റവും വലിയ കുറവ് ഈ വരവിലാണ്.

ഇങ്ങനെ വരുമ്പോള്‍ മുണ്ടുമുറിക്കി. മുണ്ടു മുറുക്കി എന്നു മാത്രമല്ല. അതിനു മുകളില്‍ ചാക്കുനൂലുകൊണ്ടു കടുംകെട്ടു ഇട്ടിരിക്കുന്നു എന്നതാണ് സ്ഥിതി. പിന്നെ എങ്ങനെ ഇതുവരെ കാര്യം നടന്നു. ഇതാ അതിനുള്ള ഇത്തരം. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 23,825 കോടി രൂപയായിരുന്നു വായ്പ എങ്കില്‍ ഈ വര്‍ഷം 32525 കോടി ആയിക്കഴിഞ്ഞു. വര്‍ദ്ധന 36 ശതമാനം. ഇനി കാര്യമായി കടമെടുക്കാന്‍ കഴിയുകയും ഇല്ല. അപ്പോള്‍ ഇതുവരെ നടന്ന ചെലവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പലിശയിലത്തില്‍ ആറു ശതമാനം വര്‍ദ്ധനയോടെ 16898.79 കോടി നല്‍കി കഴിഞ്ഞു. ശമ്പള ഇനത്തില്‍ 30,162.98 കോടി. പെന്‍ഷനായി 20202.13 കോടി രൂപ. മൂന്നിനത്തിലും മാത്രമായുള്ള ചെലവ് 67,233.9 കോടി രൂപ. നികുതി വരുമാനം 65956 കോടി മാത്രമായിരുന്നപ്പോള്‍ ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി ചെലവഴിച്ചത് 67,233.91 കോടി രൂപയായിരുന്നു. കടംവാങ്ങി ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കേണ്ടിവന്നാല്‍ കാര്യം വ്യക്തമാണ്.

അതീവ ഗുരുതരമാണ് സ്ഥിതി. നാടിന്റെ മുന്നോട്ടുപോക്കിനുള്ള ഒരു പദ്ധതിയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഇനിയുള്ള രണ്ടുമാസവും ശമ്പളവും പെന്‍ഷനും അല്ലാതെ ഒരു ചെലവും നടക്കാന്‍ സാധ്യതയുമില്ല. പലിശ കൊടുക്കണമെങ്കില്‍ കൂടുതല്‍ വായ്പ വേണം. സംസ്ഥാന നികുതി വിഹിതത്തില്‍ മാത്രമല്ല കേന്ദ്രനികുതി വിഹിതത്തിലും കേന്ദ്ര ഗ്രാന്‍ഡിലും വലിയ കുറവുണ്ട്. അതിനു പരിഹാരം വായ്പാ പരിധി ഉയര്‍ത്തുകയല്ല. കൂടുതല്‍ കേന്ദ്ര ഗ്രാന്‍ഡാണ്. വായ്പാ പരിധി ഉയര്‍ത്തിയാല്‍ കൂടുതല്‍ പലിശ കൊടുക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുക. കേന്ദ്രം കൂടുതല്‍ ഗ്രാന്‍ഡ്
നല്‍കുമോ എന്നാണ് ഉയരുന്ന ചോദ്യം.