India

പെട്രോള്‍ വില 100ല്‍ എത്താന്‍ കാരണം മുന്‍ സര്‍ക്കാരുകള്‍: പ്രധാനമന്ത്രി

രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്‍റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

രാജ്യത്ത് ആകെ ആവശ്യമുള്ള പെട്രോളിന്‍റെ 85 ശതമാനവും ഗ്യാസിന്‍റെ 53 ശതമാനവുമാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ എന്താണ് ചെയ്തത്? ആ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ വില ഉയരാതെ പിടിച്ചുനിര്‍ത്താനാകുമായിരുന്നുവെന്നും മോദി പറഞ്ഞു

എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നതാണ് പ്രധാനം. എഥനോള്‍ പെട്രോളുമായി ചേര്‍ത്ത് ഊര്‍ജ ആശ്രിതത്വം കുറയ്ക്കാനാണ് ശ്രമം. കരിമ്പില്‍ നിന്നും എഥനോള്‍ വേര്‍തിരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് അധിക വരുമാനമാകും. 2030ഓടെ 40 ശതമാനം ഊര്‍ജം രാജ്യത്ത് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

താന്‍ ആരെയും കുറ്റപ്പെടുത്തുകയോ പഴിചാരുകയോ അല്ല. വസ്തുതകള്‍ പറയുക മാത്രമാണ് ചെയ്യുന്നതെന്ന് മോദി അവകാശപ്പെട്ടു. തമിഴ്നാട്ടില്‍ ഊര്‍ജ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അതിനിടെ തുടര്‍ച്ചയായി 11ആം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 0.2 പൈസയും ഡീസൽ വില 84 രൂപ 64 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയും ഡീസൽ വില 86.29 രൂപയുമായി. 10 ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്.