കശ്മീരിലെ മാധ്യമസ്ഥാപനമായ ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസിലുണ്ടായ എന്‍.ഐ.എ റെയ്ഡിനെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. പത്രമോഫീസില്‍ ഉണ്ടായ റെയ്ഡ് ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രസ് ക്ലബ് അറിയിച്ചു. ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസുള്‍പ്പടെ ജമ്മു കശ്മീരിലെ പത്തിടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.
ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് റെയ്ഡ് നടത്തിയ അന്വേഷണ സംഘം, മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പരിശോധിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം നടത്തി എന്നുള്ളതാണ് ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് പരിശോധിക്കാനുള്ള കാരണമെന്ന് പ്രസ് ക്ലബ് കുറ്റപ്പെടുത്തി.
വിദേശ ഫണ്ട് കൈപറ്റുന്ന എന്‍.ജി.ഓകളുടെയും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും ഇടപാടുകള്‍ പരിശോധിക്കുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യമെന്ന് എന്‍.ഐ.എയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നുവെന്ന പേരിലാണ് എന്‍.ഐ.എയുടെ പരിശോധന.
ഗ്രേറ്റര്‍ കശ്മീരിനെ കൂടാതെ എ.എഫ്.പിയുടെ കശ്മീര്‍ കറസ്‌പോണ്ടന്റ് പര്‍വേസ് ബുഖാരിയുടെ ഓഫീസിലും റെയ്ഡ് നടന്നു.