India

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസടക്കം 16 പ്രതിപക്ഷ പാ൪ട്ടികൾ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ് .

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ പാർലമെന്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാം ഘട്ടം. ക൪ഷക നിയമങ്ങൾക്കെതിരെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കമാകുക. കോൺഗ്രസിന് പുറമെ എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാ൪ട്ടി, ആ൪.ജെ.ഡി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ആ൪.എസ്. പി , പി.ഡി.പി, എം.ഡി.എം.കെ, കേരള കോൺഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്കരിക്കുന്നത്. ക൪ഷക സമരം അക്രമത്തിലേക്ക് വഴിമാറിയതിൽ സ൪ക്കാറിന് ഇന്റലിജൻസ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമ൪ശവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

ഇത്തവണ ബജറ്റും സാമ്പത്തിക സർവേയും ഡിജിറ്റൽ രൂപത്തിലാണ് സഭയുടെ മേശപ്പുറത്ത് വെക്കുക. സമ്മേളനത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും ലോക്സഭ വൈകുന്നേരം 4 മുതൽ 9 വരെയുമാണ്. ഇന്ന് സമ്മേളനം ആരംഭിക്കുമെങ്കിലും കീഴ് വഴക്കം തെറ്റിച്ച് നാളെയാണ് സർക്കാർ സർവ്വ കക്ഷി യോഗം വിളിച്ചിരിക്കുന്നത്.