India National

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് – ബി.ജെ.പി സംഘർഷാവസ്ഥ തുടരുന്നു

പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോൺഗ്രസ് – ബി.ജെ.പി സംഘർഷാവസ്ഥ തുടരുന്നു. ക്രമസമാധാന പാലനത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് ബംഗാൾ സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട്. കൊല്ലപ്പെട്ട പ്രവര്‍ത്തരുടെ മൃതദേഹങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബിജെപി 12 മണിക്കൂർ ബന്ദ് തുടരുകയാണ്. സംഘർഷങ്ങളുടെ പശ്ചാതലത്തില്‍ ബംഗാൾ ഗവർണർ പ്രധാനമന്ത്രിയെ കണ്ടു.

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മുതല്‍ ആരംഭിച്ചതാണ് തൃണമൂൽ കോൺഗ്രസ് – ബിജെപി അക്രമങ്ങള്‍‍. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച നോര്‍ത്ത് 24 പര്‍ഗാനയിലുണ്ടായ വാക്കുതര്‍ക്കമാണ് നിലവിലെ സംഘര്‍ഷത്തിനടിസ്ഥാനം ബി.ജെ.പി പതാക മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂന്ന് ബിജെപി പ്രവര്‍ത്തകരും 1 തൃണമൂല്‍ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 5 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂലും 6 അനുയായികളെ കാണാനില്ലെന്ന് ബി.ജെ.പിയും പറയുന്നു.

തൊട്ട് പിന്നാലെ അക്രമണത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വിലയിരുത്തിയ കേന്ദ്രം ക്രമസമാധാനം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ക്രമസമാധാന പാലനത്തിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും വ്യക്തമാക്കുന്ന മറുപടി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ആഭ്യന്ത മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.