India National Weather

ലോകത്തെ 15 ചൂടന്‍ നഗരങ്ങളില്‍ പത്തും ഇന്ത്യയില്‍

രാജസ്ഥാനിലെ ചുരുവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ നഗരം…

കോവിഡ് കെടുതികള്‍ക്കിടെ രാജ്യം കടുത്ത വേനലില്‍ വെന്തുരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണ്. കാലാവസ്ഥാ നിരീക്ഷണ വെബ് സൈറ്റായ എല്‍ ഡൊറാഡോയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ചുരുവാണ് കഴിഞ്ഞ ദിവസം ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ നഗരം. ഇവിടെ 50 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച്ച രേഖപ്പെടുത്തിയത്. ഥാര്‍ മരുഭൂമിയിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന നഗരമാണ് ചുരു. പാകിസ്താനിലെ ജാകോബബാദിലും ചുരുവിന്റെ അതേ താപനില ചൊവ്വാഴ്ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരുവിന് പുറമേ ബിക്കനീര്‍, ഗംഗാനഗര്‍, പിലാനി തുടങ്ങിയ രാജസ്ഥാന്‍ നഗരങ്ങളും ചൂടന്‍ നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. യു.പിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള രണ്ട് നഗരങ്ങളും 15 നഗരങ്ങളുടെ കൂട്ടത്തിലുണ്ട്. യു.പിയിലെ ബാന്‍ഡയിലും ഹരിയാനയിലെ ഹിസാറിലും 48 ഡിഗ്രിയാണ് ചൊവ്വാഴ്ച്ച രേഖപ്പെടുത്തിയത്.

തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ 47.6 ഡിഗ്രിയും ബികനീറില്‍ 47.4 ഡിഗ്രിയും ഗംഗാനഗറിലും ഝാന്‍സിയിലും 47 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരും(46.8) അകോലയുമാണ്(46.5) ചൂടുള്ള നഗരങ്ങളായത്.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ് ചുരുവില്‍ രേഖപ്പെടുത്തിയത്. 2016 മെയ് 19ന് ചുരുവിലെ താപനില 50.2 ഡിഗ്രി സെല്‍ഷ്യസ് തൊട്ടിരുന്നു. മെയ് 22ന് ശേഷം 46.6 ഡിഗ്രിക്ക് മുകളിലാണ് ചുരുവിലെ താപനില.