India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്; മരണം 5500 കടന്നു

രാജ്യത്ത് സമൂഹവ്യാപനമെന്ന് ആരോഗ്യ വിദഗ്ധര്‍

രാജ്യത്ത് കോവിഡ് ബാധിതർ രണ്ട് ലക്ഷത്തിലേക്ക്. മരണം 5500 കടന്നു. രോഗമുക്തി നിരക്ക് ഉയർന്ന് 48.19 % ൽ എത്തി. മരണ നിരക്ക് 2.83% ലേക്ക് താഴ്‍ന്നു. അണുബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത നിരവധി കേസുകൾ ഉണ്ടെന്നും സമൂഹ വ്യാപനം ഉണ്ടായതായും ഒരുവിഭാഗം ആരോഗ്യവിദഗ്ധർ ആവർത്തിക്കുന്നു.

കോവിഡ് കേന്ദ്രങ്ങളായി തുടരുന്ന ഏഴ് സംസ്ഥാനങ്ങളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ആശങ്കയിലാണ്. മൈതാനങ്ങളും സ്റ്റേഡിയങ്ങളും ചികിത്സാ കേന്ദ്രങ്ങൾ ആക്കി മാറ്റുകയാണ്. ഏപ്രിൽ 30 വരെ കണ്ടെത്തിയ 40,184 കേസുകളിൽ 17,759 കേസുകളിൽ അണുബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് 44.2% വരും. അതിനാൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് ആരോഗ്യ പ്രവർത്തകരിൽ ഒരു വിഭാഗം വാദിക്കുന്നത്.

ഇതിനിടെ മഹാരാഷ്ട്രയിൽ രോഗികൾ 70,000വും ഡൽഹിയിൽ 20,000 കടന്നു. മഹാരാഷ്ട്രയിൽ 2,361 പുതിയ കേസും 76 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസ് 70,013 ഉം മരണം 2,362 കടന്നു. മുംബൈയിൽ ആകെ കേസ് 41,099 ഉം മരണം 1,319 ഉം ആയി. ധാരാവിയിൽ 34 പുതിയ കേസ് റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 990 പുതിയ കേസും 12 മരണവും ഇന്നുണ്ടായി. ആകെ കേസ് 20,834 ഉം മരണം 523 ഉം കടന്നു. നിയന്ത്രിത മേഖല 147 ആക്കി.

ഡൽഹിയിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്നു

ഡൽഹിയിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്നു. ആകെ കേസുകൾ ഇരുപതിനായിരവും മരണം അഞ്ഞൂറും കടന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഡൽഹിയിലെ കോവിഡ് കേസുകളുടെ വള൪ച്ച നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായും മരണം അഞ്ച് ശതമാനത്തിൽ നിന്ന് പതിനാല് ശതമാനമായുമാണ് കൂടിയത്.

ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോ൪ട്ട് ചെയ്ത മൂന്നാമത്തെ സംസ്ഥാനമാണ് ഡൽഹി. കഴിഞ്ഞ ദിവസം മാത്രം ഡൽഹിയിൽ 990 കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 20,834ആയി. 50 മരണവും റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ മരണം 52ഉം ആയി.

കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകളും മരണവും ഡൽഹിയിൽ കുത്തനെ കൂടുകയാണ്. ശരാശരി അഞ്ഞൂറിൽ താഴെ മാത്രം കേസുകൾ റിപ്പോ൪ട്ട് ചെയ്തിരുന്നത് ഇരട്ടിയായി വ൪ധിച്ചു. ആയിരത്തോടടുത്താണ് പ്രതിദിനം റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകൾ. സംസ്ഥാനത്തെ അമ്പത് ശതമാനത്തിലധികം കേസുകളും കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെയാണ് റിപ്പോ൪ട്ട് ചെയ്തത്, പതിനായിരത്തിലധികം കേസുകൾ. ഈ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളുമായുള്ള അതി൪ത്തികൾ അടക്കണമെന്ന ഇന്നലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടിരുന്നു.

കോവിഡ് ബാധയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മരണം കൂടുകയാണ്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി ഇന്നലെ 20 പേര്‍ മരിച്ചു. തമിഴ്‍നാട്ടില്‍ 11 പേരും തെലങ്കാനയില്‍ ആറും ആന്ധ്രാപ്രദേശില്‍ രണ്ടും കര്‍ണാടകയില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ടു ചെയ്തത്. രണ്ട് ദിവസത്തിനിടെ മരിച്ചത് 42 പേരാണ്. ആകെ മരണം 388 ആയി ഉയര്‍ന്നപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം 33,000 കടന്നു.

തമിഴ്‍നാട്ടില്‍ 1,162 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 23,495 ആയി. 184 ആണ് മരണസംഖ്യ. ചെന്നൈയില്‍ മാത്രം 964 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. തെലങ്കാനയില്‍ 94 പേര്‍ക്കാണ് രോഗം കണ്ടെത്തി. 2,792 ആണ് രോഗബാധിതരുടെ എണ്ണം. 88 ആണ് മരണസംഖ്യ. ആന്ധ്രാപ്രദേശില്‍ 105 പേർക്ക് കൂടി പുതുതായി രോഗം കണ്ടെത്തി. രോഗബാധിതർ 3,676 ആയി. 64 ആണ് മരണസംഖ്യ. കര്‍ണാടകയില്‍ 187 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3,408 ആണ് രോഗബാധിതരുടെ എണ്ണം. മരണസംഖ്യ 52 ആയി. ഒന്‍പത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, പുതുച്ചേരിയിലെ രോഗബാധിതരുടെ എണ്ണം 79 ആയി.

സി.ബി. ഐ അഴിമതി വിരുദ്ധ വിഭാഗത്തിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹി ഭദ്ര ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചയാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്തിൽ ബിജെപി എംഎൽഎ ബൽറാം തവാനിക്ക് രോഗം സ്ഥിരീകരിച്ചു. 17,217 രോഗികളും 1,063 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധ്യപ്രദേശിൽ 194 പുതിയ കേസ് കൂടി സ്ഥിരീകരിച്ചു.

വിവിധ ഭാഗങ്ങളിലായി പോയ എംപിമാരെ ചേർത്ത് വെർച്വൽ പാർലമെന്‍റിനെ കുറിച്ച് ആലോചിക്കാൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും ലോക്‍സഭാ സ്‍പീക്കർ ഓം ബിർളയും ചർച്ച നടത്തി. അംഗങ്ങളുടെ അസൗകര്യത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന ആഭ്യന്തര പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം മാറ്റിവെച്ചു.