India National

സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ കേന്ദ്ര ബജറ്റ്?

ജനപ്രിയ ബജറ്റാകുമോ ഇല്ലയോ എന്നതാണ് എക്കാലത്തെയും ബജറ്റവതരണത്തിന് മുമ്പുയരുന്ന ചോദ്യം. എന്നാല്‍ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമോയെന്നത് മാത്രമാണ് ഇത്തവണത്തെ ബജറ്റില്‍ ഏവരും ഉറ്റുനോക്കുന്നത്. സ്വകാര്യ നിക്ഷേപവും ഉപഭോഗവും വര്‍ധിപ്പിക്കാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് ‌സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

ക്ഷാമകാലത്തെ ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക രംഗത്തെ എല്ലാ ഏകകങ്ങളും പ്രതിസന്ധിയിലായാലും പിടിച്ചുനില്‍ക്കാറുള്ള ‌പ്രത്യക്ഷ നികുതിയില്‍ വരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയെന്നത് പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ്. സ്വകാര്യ നിക്ഷേപവും ഉപഭോഗവും വര്‍ധിപ്പിക്കാതെ ഇത് മറികടക്കാനാകില്ലെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ജി.ഡി.പിയിലുണ്ടായ തകര്‍ച്ച കാരണം ഇത്തവണത്തെ പ്രതീക്ഷിത വാര്‍ഷിക വരുമാനത്തില്‍ കേവലം അഞ്ച് ശതമാനം വളര്‍ച്ച മാത്രമാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ജനപ്രിയ ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞേക്കില്ല. പ്രതിസന്ധി മറികടക്കാന്‍ എന്തുണ്ടാകുമെന്നത് മാത്രമാണ് സാമ്പത്തിക വിദഗ്ദരടക്കം ഏവരും ഉറ്റുനോക്കുന്നത്.