India National

നിര്‍ഭയ കേസ്: ദയാഹര്‍ജി നിരസിച്ചത് ചോദ്യംചെയ്ത് പ്രതി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

ദയാഹര്‍ജി നിരസിച്ച രാഷ്ട്രപതിയുടെ നടപടി ചോദ്യംചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് നല്‍കിയ ഹര്‍ജി‌ സുപ്രീംകോടതി തള്ളി. ഹര്‍ജിയിലെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച് ഹര്‍ജി തള്ളിയത്. ഇതോടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മുകേഷിന് മുന്നിലുണ്ടായിരുന്ന എല്ലാ നിയമ വഴികളും അവസാനിച്ചു.

ഇന്നലെ വാദം കേൾക്കൽ പൂർത്തിയായ ഹര്‍ജി ഇന്ന് വിധി പറയുന്നതിന് വേണ്ടി മാറ്റിവെച്ചതായിരുന്നു. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് നിർഭയ കേസിലെ പ്രതി മുകേഷിൻറ ഹരജിയിൽ യാതൊരു കഴമ്പുമില്ലെന്ന് നിരീക്ഷിച്ച് തള്ളിയത്. ജയിലിലെ പീഡനങ്ങൾ ദയാഹര്‍ജി അനുവദിക്കാനുള്ള അടിസ്ഥാനമല്ല. വേഗത്തിൽ തീർപ്പാക്കിയെന്നത് കൊണ്ട് മാത്രം ദയാഹര്‍ജി മതിയായ പരിശോധനയില്ലാതെയാണ് തീർപ്പാക്കിയതെന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി ഹരജി തള്ളിയത്.

വിഷയത്തില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി ഇന്നലെ തന്നെ നിരീക്ഷിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പ്രകാശ വേഗതയിലാണ് ദയാഹരജി തള്ളിയതെന്നതടക്കമുള്ള ഹരജിക്കാരന്റെ വാദങ്ങളാണ് കോടതി തള്ളിയത്. ഇതോടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മുകേഷിന് മുന്നിലുണ്ടായിരുന്ന മുഴുവൻ നിയമ സാധ്യതകളും അവസാനിച്ചു.

നിലവിലെ മരണ വാറണ്ട് അനുസരിച്ച് ഫെബ്രുവരി ഒന്നിനാണ് മുകേഷ് അടക്കമുള്ള പ്രതികളെ തൂക്കിലേറ്റാൻ നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് നിർഭയയുടെ അമ്മ പറഞ്ഞു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് തിരുത്തൽ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.