India National

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് വീണ്ടും 90,000ത്തിന് അടുത്ത്; ആകെ രോഗബാധിതർ 43 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും 90,000 തിന് അടുത്തെത്തി. 24 മണിക്കൂറിനിടെ 89,706 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,115 പേർ മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 43,70,129 ആയി. മരണസംഖ്യ 73,890 ആയി ഉയർന്നു.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത 223 ആം ദിവസമാണ് രോഗികളുടെ എണ്ണം 43 ലക്ഷം കടക്കുന്നത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടിക്കുകയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തന്നെയാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്. ഡൽഹിയിലും പശ്ചിമബംഗാളിലും പ്രതിദിന കേസുകൾ എണ്ണം വർധിക്കുകയാണ്. അതേസമയം രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയർന്നു. മരണ നിരക്ക് 1.7 ശതമാനമായി കുറഞ്ഞു.

രാജ്യത്തെ ഗുരുതരാവസ്ഥയിലായ 1200 രോഗികളിൽ നടത്തിയ പഠനത്തിൽ അടിസ്ഥാനത്തിൽ കൊവിഡ് ഭേദമാകാൻ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് തെളിഞ്ഞതായി ഐസിഎംആർ അറിയിച്ചു. രോഗം തടയാനോ, മരണനിരക്ക് കുറയ്ക്കാനോ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്നും വ്യക്തമാക്കി.