India

നാഷണൽ ഡിഫൻസ് അക്കാദമിയിലെ വനിത പ്രവേശനം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നാഷണൽ ഡിഫൻസ് അക്കാദമിയിലെ വനിത പ്രവേശന വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാമെന്ന നിലപാട് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ആദ്യ ബാച്ചിന് 2023 ജനുവരിയിൽ പ്രവേശനം നൽകാൻ കഴിയുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. വനിതകളുടെ പരിശീലനത്തിനായി പ്രതിരോധ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന പഠനസംഘത്തെ നിയോഗിച്ചതായും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എൻഡിഎ പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്.

ഓഗസ്റ്റ് 18ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്കി. ഇതേട തുടർന്നാണ് ഇന്ത്യൻ സായുധ സേനകളിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നൽകുന്ന എന്‍ഡിയിലൂടെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിക്കുന്നത്.