National

കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവം; റിപ്പോർട്ട് തേടി ഡൽഹി സർക്കാർ

കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഡൽഹി സർക്കാർ. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയ്‌ക്കാണ് നിർദേശം. സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് ശാലിനി സിംഗാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

പുതുവത്സര ദിനത്തിൽ ഡൽഹിയിലെ കഞ്ചവാല മേഖലയിലായിരുന്നു സംഭവം. 4 കിലോമീറ്ററുകളോളം വലിച്ചിഴയ്‌ക്കപ്പെട്ട യുവതി അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാർ യാത്രികരായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂട്ടർ യാത്രികയായ യുവതിയെ കാറിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാറിന്റെ ചക്രത്തിനിടയിൽ യുവതിയുടെ കാൽ കുടുങ്ങി. ഇതാണ് യുവതി വലിച്ചിഴയ്‌ക്കപ്പെടാൻ കാരണമായത്. നിർത്താതെ പോയ കാർ ഏകദേശം നാല് കിലോമീറ്ററുകളോളം ഇത്തരത്തിൽ സഞ്ചരിച്ചതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. യുവതിയുടെ വസ്ത്രങ്ങളെല്ലാം കാർ വലിച്ചിഴയ്‌ക്കുന്നതിനിടെ ഉരിഞ്ഞുപോയിരുന്നു. കാലുകൾ ഒടിഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിയുടെ കഴുത്തിന് പിറകിൽ പുറം ഭാഗത്തെ തൊലി മുഴുവൻ അപകടത്തെ തുടർന്ന് നഷ്ടപ്പെട്ടിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ യുവതിയുടെ മൃതദേഹം ഡൽഹി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.