National

ബ്രിട്ടണിൽ നിന്ന് ചാൾസ് രാജാവിൻ്റെ പത്നി ബെംഗളൂരുവിലെത്തി; ഇനി മലയാളി ഡോക്ടർക്ക് കീഴിൽ ഹൊളിസ്റ്റിക് ചികിത്സ

ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമൻ്റെ പത്നി കാമില പാർക്കർ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങൾ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടർ ഐസക് മത്തായി നൂറനാൽ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൽ എത്തിയത്. 2010 മുതൽ കാമില ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഇത് എട്ടാം തവണയാണ് ഇവർ ഇവിടെ എത്തുന്നത്. ഈ മാസം 28ന് ചികിത്സ പൂർത്തിയാക്കി കാമില മടങ്ങും.

വ്യാഴാഴ്ച ബ്രിട്ടീഷ് എയർവൈസിൻ്റെ വിമാനത്തിലാണ് കാമില ബെംഗളൂരുവിൽ എത്തിയത്. എലീറ്റ് ഫോഴ്സിൻ്റെ റോയൽ പ്രൊട്ടക്ഷൻ സ്ക്വാഡ് അംഗങ്ങളും സ്കോട്ട്ലൻഡ് യാർഡും കാമിലയെ കെമ്പെ ഗൗഡ രാജാന്തര വിമാനത്താവളത്തിൽ നിന്ന് വൈറ്റ്ഫീൽഡിലെ സൗഖ്യ ഹൊളിസ്റ്റിക് സെൻ്റർ വരെ അനുഗമിച്ചു.

വർഷങ്ങളായി ചാൾസ് രാജാവും കാമിലയും സൗഖ്യയിൽ വരാറുണ്ട്. സൗഖ്യയുടെ ചെയർമാനും സ്ഥാപകനുമായ ഡോ. ഐസക് മത്തായി വയനാട് സ്വദേശിയാണ്. ഐസക് മത്തായി ഒരു ഹോമിയോ ഡോക്ടറാണ്. 2019ൽ കാമിലയ്ക്കൊപ്പം സൗഖ്യയിൽ വച്ചാണ് ചാൾസ് രാജാവ് തൻ്റെ 71ആം പിറന്നാൾ ആഘോഷിച്ചത്.

അതിസമ്പന്നരായ ആളുകളാണ് സൗഖ്യയിൽ വരാറുള്ളത്. സമ്പന്നരോട് താൻ പണം കുറച്ച് വാങ്ങാറില്ലെന്ന് ഐസക് മത്തായി പറയുന്നു. ഒരു തവണ ചികിത്സയ്ക്ക് 10,000 ഡോളർ വരെയാണ് ഫീസ്. യോഗ, മെഡിറ്റേഷൻ തുടങ്ങിയവയുടെ ഒരു സംഗമമാണ് ഇവിടെ. സൗഖ്യയിൽ അഞ്ച് കിടപ്പുമുറികളും ഒരു സ്വകാര്യ പൂന്തോട്ടവുമുള്ള സൂട്ടിന് ഒരു രാത്രി 7 ലക്ഷം രൂപയാണ് വാടക. ചികിത്സയ്ക്കെത്തുന്നവർ ഇവിടെ മുടക്കുന്നത് കോടികളാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോടീശ്വരന്മാരാണ് ഇവിടെ വരാറുള്ളത്. അതിൽ രാജാക്കന്മാരും രാഷ്ട്രീയക്കാരും കച്ചവടക്കാരുമൊക്കെ ഉൾപ്പെടും. ആകെ 25 മുറികളേ ഇവിടെയുള്ളൂ.