Kerala

​സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിച്ചാൽ ഗവർണറെ ചോദ്യം ചെയ്യും; കെ.സി വേണു​ഗോപാൽ

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ. ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനിൽക്കെത്തന്നെ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽപ്പോലും ചോദ്യം ചെയ്യേണ്ടതാണ്. ( KC Venugopal against Arif Mohammad Khan

കേരളത്തിലെ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരിൽ ഭരണഘടനാ മൂല്യങ്ങൾക്ക്‌ വിരുദ്ധമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്.

സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തിൽ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസർക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവർണർ വഴിയല്ല. ഇന്ന് 11.30ന് മുൻപ് ഒമ്പത് സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത്‌ എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ​ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നത രൂപപ്പെടുകയാണ്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് ​ഗവർണറെ വിമർശിച്ചുകൊണ്ട് എഐസിസി അം​ഗം കെ.സി വേണു​ഗോപാൽ എത്തുന്നത്. ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ ഇന്നലെ മുസ്ലിം​ലീ​ഗും വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും വലിയ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്.