National

മഹാനാടകത്തിന് അവസാനം; രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ച് ഉദ്ധവ് താക്കറെ

ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന പ്രവര്‍ത്തകരുടേയും വലിയ വാഹനവ്യൂഹത്തിന്റേയും അകമ്പടിയോടെയാണ് ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തിയത്. കനത്ത സുരക്ഷയാണ ഉദ്ധവ് താക്കറെയ്ക്ക് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ രാജി സമര്‍പ്പിച്ചത്.

ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ അങ്ങനെയൊരാളല്ല. സുപ്രിംകോടതി വിധി പൂര്‍ണമായും അംഗീകരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മറാത്തികള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ് താന്‍ നിലകൊണ്ടതെന്ന് ഉദ്ധവ് താക്കറെ പറയുന്നു. ബാല്‍ താക്കറെ വളര്‍ത്തിയവരെല്ലാം അദ്ദേഹത്തിന്റെ മകനെ പിന്നില്‍ നിന്ന് കുത്തി. ശരദ് പവാറിനോടും സോണിയ ഗാന്ധിയോടും നന്ദിയുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന എതിരാകുന്നത് സഹിക്കാനാകില്ലെന്നും വിമതര്‍ക്ക് എല്ലാം നല്‍കിയെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

താക്കറെ കുടുംബത്തില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗമാവുന്ന ആദ്യ നേതാവാണ് ഉദ്ധവ് താക്കറെ. ഇതോടെ ശിവസേനകോണ്‍ഗ്രസ്എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യസര്‍ക്കാര്‍ നിലംപതിച്ചു. ബദല്‍ സര്‍ക്കാര്‍ നീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുകയാണ്.