National

ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ബഡ്ഗാം ജില്ലയിലെ ചാന്ദ്പൂരിയിലാണ് സംഭവം. ഒരാൾക്ക് പരുക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മറ്റൊരാൾ കൊല്ലപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.

ബിഹാർ സ്വദേശിയായ ദിൽകുഷ് ആണ് വെടിയേറ്റതിന് പിന്നാലെ മരിച്ചത്. പരുക്കേറ്റ മറ്റൊരാൾ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലാണ്.

കശ്മീരിലെ കുൽഗാമിൽ വ്യാഴാഴ്ച രാവിലെ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ കൊല്ലപ്പെട്ടതിന് ഏതാനും മണിക്കൂറുകൾക്ക് പിന്നാലെയാണ് ആക്രമണം നടന്നത്. രാവിലെ ഷോപ്പിയാനിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ മൂന്ന് സൈനികർക്കും പരുക്കേറ്റിരുന്നു.

കശ്മീരിലെ പണ്ഡിറ്റുകൾക്കും സാധാരണക്കാർക്കും അതിഥി തൊഴിലാളികൾക്കും നേരെ നിരന്തരമായി ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. നാളെ കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും.