National

പ്രതിശ്രുത വരൻ തട്ടിപ്പുകാരനെന്ന് കണ്ടെത്തി; അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥ

പ്രതിശ്രുത വരൻ തട്ടിപ്പുകാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ അതിവിദഗ്ധമായി പിടികൂടി പൊലീസ് ഉദ്യോഗസ്ഥ. അസമിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം നടന്നത്.

അസം പൊലീസിലെ സബ് ഇൻസ്‌പെക്ടറാണ് ജുൻമൊനി റാഭ. ഒഎൻജിസിയിലെ പബ്ലിക് റിലേഷൻസ് ഓഫിസറാണെന്ന് പറഞ്ഞാണ് റാണ പഗോഗ് ജുൻമൊനിയെ സമീപിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരുടേയും വിവാഹ നിശ്ചയം ഒക്ടോബർ 2021ൽ നടന്നു.

എന്നാൽ ഈ ബന്ധം വിവാഹത്തിൽ കലാശിച്ചില്ല. റാണയെ കുറിച്ച് ജുൻമൊനിക്ക് ചില വിവരങ്ങൾ ലഭിച്ചു. റാണ തട്ടിപ്പുകാരനാണെന്നും, പലരിൽ നിന്നും ഒഎൻജിസിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നും ജുൻമൊനി അറിഞ്ഞു. റാണയെ കുറിച്ചുള്ള സത്യാവസ്ഥ അറിയാനുള്ള ശ്രമത്തിലായി പിന്നീട് ജുൻമൊനി.

ഒരു ദിവസം റാണ അറിയാതെ റാണയുടെ ബാഗ് തപ്പിയ ജുൻമൊനിക്ക് ഒഎൻജിസിയിലെ നിരവധി വ്യാജ സീലുകളും, തട്ടിപ്പിനായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും കണ്ടെത്തി. ഇതോടെ റാണയെ കുറിച്ചുള്ള പരാതികൾ സത്യമാണെന്ന് ജുൻമൊനി മനസിലാക്കി. പിന്നെ താമസിച്ചില്ല, ഉടൻ സ്റ്റേഷനിലെത്തി കേസിൽ റാണയ്‌ക്കെതിരെ എഫ്‌ഐആർ തയാറാക്കി. റാണയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.