രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുൻ കോൺഗ്രസ് അധ്യക്ഷൻ ഇന്ന് നടത്തിയ പ്രസ്താവനകൾ ലജ്ജാകരവും നിരുത്തരവാദപരവുമാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചതും രാഹുലിൻ്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിനാണ് ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
“നിങ്ങളുടെ അഴിമതിയും തെറ്റുകളും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തൂ… പൊതുജനങ്ങൾ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല, പിന്നെ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്?”- കോൺഗ്രസ് നേതാവിനെ പരിഹസിച്ച് രവിശങ്കർ പ്രസാദ് പറഞ്ഞു. ബിജെപിക്ക് ജനാധിപത്യത്തിന്റെ ഉപദേശം നൽകുന്നതിന് മുമ്പ് തന്റെ പാർട്ടിയിൽ ജനാധിപത്യമുണ്ടോ എന്ന് രാഹുൽ വ്യക്തമാക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും, സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുന്ന ഏതൊരാളും ക്രൂരമായി ആക്രമിക്കപ്പെടുന്നു എന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ നേരത്തെ ആരോപിച്ചിരുന്നു. വിലക്കയറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഇന്ന് രാവിലെ മുതൽ ബിജെപിയെ കടന്നാക്രമിക്കുകയാണ്.