National

അമ്മത്തണലിൽ വളർന്ന പ്രഗ്നാനന്ദ

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ മൂന്ന് തവണ വീഴ്ത്തി രമേഷ്ബാബു പ്രഗ്നാനന്ദ എന്ന 17കാരൻ പയ്യൻ ഇന്ന് ഇന്ത്യയുടെ പേര് വാനോളം ഉയർത്തിയിരിക്കുകയാണ്. ചെന്നൈയിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ചുവളർന്ന പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ അമ്മ നാഗലക്ഷ്മിയാണ് ഒപ്പം നടന്നത്.

ടിഎൻഎസ്‌സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്. സഹോദരി വൈശാലിയുടെ ടെലിവിഷൻ പ്രേമം അധികരിച്ചപ്പോൾ മാതാപിതാക്കൾ ചേർന്ന് കണ്ടെത്തിയ ആശയമാണ് ചെസ്. വൈശാലിയ്ക്ക് ചെസ് പരിചയപ്പെടുത്തിയത് പ്രഗ്നാനന്ദയ്ക്കും ഗുണമായി. അവനും പഠിച്ചു, ഒരു ചെസ് ബോർഡിൽ കരുക്കൾ വച്ച് നടത്തുന്ന മഹായുദ്ധം.

പ്രഗ്നാനന്ദയെ മത്സരങ്ങൾക്ക് കൊണ്ടുപോയിരുന്നതും ടെലിവിഷനിൽ മകൻ്റെ മത്സരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതും അമ്മ നാഗലക്ഷ്മി ആയിരുന്നു. പ്രഗ്നാനന്ദയെ മാത്രമല്ല, വൈശാലിയെയും അമ്മ തന്നെയാണ് കൈപിടിച്ച് നടത്തുന്നത്. വൈശാലിയും ഗ്രാൻഡ്‌മാസ്റ്ററാണ്. അതാണ് പിതാവ് രമേഷ്‌ബാബു പറയുന്നത്, “ക്രെഡിറ്റ് മുഴുവൻ എൻ്റെ ഭാര്യക്കാണ്. എല്ലാ മത്സരങ്ങൾക്കും അവനെ കൊണ്ടുപോയി ഭാര്യ അവനെ ഏറെ പിന്തുണയ്ക്കുന്നു. രണ്ട് മക്കളെയും ഭാര്യ നന്നായി ശുശ്രൂഷിക്കുകയും ചെയ്യുന്നു.”

ടൂർണമെൻ്റുകൾ നടക്കുന്ന സമയത്ത് മക്കൾക്ക് മാംസാഹാരം നൽകാറില്ല എന്ന് അമ്മ നാഗലക്ഷ്മി പറയുന്നു. പാചകം ചെയ്യുന്നതൊക്കെ താൻ തന്നെയാണ്. മക്കൾ മത്സരിക്കുമ്പോൾ പ്രാർത്ഥിക്കും. മക്കൾ അനുസരണാശീലമുള്ളവരാണ് എന്നും അമ്മ പറയുന്നു.