National

തെലങ്കാനയില്‍ സംഘര്‍ഷം രൂക്ഷം; സമരക്കാരെ തല്ലിച്ചതച്ച് പൊലീസ്

തെലങ്കാനയില്‍ ഇന്നലെ രാത്രി വീണ്ടും സംഘര്‍ഷം. അതി രൂക്ഷമായ പൊലീസ് നടപടിയില്‍ സമരക്കാരെ രാത്രി വീടുകളിലെത്തി അറസ്റ്റു ചെയ്തു. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. പൊലീസ് നടത്തിയത് നരനായാട്ടെന്ന് മുസ്ലിം സംഘടനകള്‍ പ്രതികരിച്ചു.

സ്ത്രീകളുള്ള വീടുകളില്‍ വനിതാ പൊലീസ് ഇല്ലാതെ അതിക്രമിച്ചു കയറി. പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിച്ചു. സമാധാനപരമായി നടത്തിയ സമരം അക്രമമാക്കിയത് പൊലീസ് തന്നെയാണെന്നും സംഘടനകള്‍ പ്രതികരിച്ചു. സമരക്കാരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്.

ഓള്‍ഡ് സിറ്റി ശഹാലി ബന്ദയില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ആശാ തീയറ്ററിന് സമീപമായിരുന്നു സംഭവം. ഇതിനു ശേഷമാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ തെലങ്കാന എംഎല്‍എ രാജാ സിംഗിനെതിരെയാണ് ഓള്‍ഡ് സിറ്റിയിലടക്കം പ്രതിഷേധം തുടരുന്നത്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഎഎല്‍എയുടെ പരാമര്‍ശത്തെ തെലങ്കാന ആഭ്യന്തരമന്ത്രി അപലപിച്ചു. സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ തെലങ്കാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മഹമൂദ് അലി പറഞ്ഞു. ആളുകള്‍ക്ക് മതവിശ്വാസം അയച്ച് അഭിപ്രായവ്യത്യാസമുണ്ടാക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.