National

‘ചീറ്റകളെ കൊണ്ടുവന്നത് പശുക്കളിൽ ലംപി രോഗം പടര്‍ത്താന്‍’; കേന്ദ്രം കർഷകരെ മനഃപൂർവം ഉപദ്രവിക്കുന്നെന്ന് കോൺ​ഗ്രസ്

ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത് ലംപി രോഗം കൂടുതല്‍ പശുക്കളിലേക്ക് പടര്‍ത്തി കര്‍ഷകരെ ദ്രോഹിക്കാനാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോള്‍. ചീറ്റകളെ കൊണ്ടുവന്ന നൈജീരിയയില്‍ ലംപി രോഗം ഉണ്ട്. കര്‍ഷകരെ ഉപദ്രവിക്കാനാണ് ചീറ്റ നൈജീരിയയില്‍ നിന്നും കൊണ്ടുവന്നതെന്ന് പട്ടോള്‍ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയുടെ 72ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലാണ് എട്ട് ചീറ്റകളുള്ളത്.

മുംബൈയിലെ ഖാറില്‍ പശുക്കളിലും എരുമകളിലും രോഗം സ്ഥാരീകരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിഹന്‍ മുംബൈ മുൻസിപ്പൽ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം 27,500ല്‍ അധികം കന്നുകാലികളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ 24,388 എരുമകള്‍ക്കും 2,203 പശുക്കളിലുമാണ് രോഗം സ്ഥിരീകരിച്ചത്.എരുമകളെ കശാപ്പ് ചെയ്യുന്നത് സെപ്തംബര്‍ 9 മുതല്‍ നിരോധിച്ചിരുന്നു. കൊതുകകള്‍ പ്രാണികള്‍ എന്നീ ജീവികള്‍ വഴിയാണ് ലംപി രോഗം കന്നുകാലികളില്‍ പടരുന്നത്.