നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ജയത്തോടെ അധികാര തുടർച്ചക്കൊരുങ്ങി ബിജെപി-എൻഡിപിപി സഖ്യം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 60 ൽ 28 സീറ്റുകളും നേടിയ എൻഡിപിപി-ബിജെപി 8 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻഡിപിപി. അക്കൗണ്ട് തുറക്കാതെ കോൺഗ്രസ്.
നാഗാലാൻഡ് മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) നേതാവുമായ നെയ്ഫിയു റിയോ 15,824 വോട്ടുകൾക്ക് കോൺഗ്രസിന്റെ സെയ്‌വിലി സച്ചുവിനെ പരാജയപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും സോഷ്യൽ മീഡിയ സെൻസേഷനുമായ ടെംജെൻ ഇംന അലോംഗ് വിജയിച്ചു. ഇംന അലോങ് തന്റെ അലോങ്‌ടാക്കി മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്.
അതേസമയം സംസ്ഥാന ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതാ സ്ഥാനാർത്ഥികൾ വിജയിച്ചു. നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ എംഎൽഎമാരയി സൽഹൂതുവോനുവോ ക്രൂസെയും, ഹെകാനി ജഖാലുവും. രണ്ട് സ്ഥാനാർത്ഥികളും ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയിൽ (എൻഡിപിപി) നിന്നുള്ളവരാണ്.
വെസ്റ്റേൺ അംഗമി എസിയിൽ നിന്ന് സൽഹൗതുവോനുവോ ക്രൂസ് വിജയിച്ചപ്പോൾ ദിമാപൂർ-III മണ്ഡലങ്ങളിൽ ഹെകാനി ജഖാലു വിജയിച്ചു. എൻ.പി.എഫ് ഒരു സീറ്റ് നേടുകയും ഒരിടത്ത് ലീഡ് ചെയ്യുകയുമാണ്. മറ്റുള്ളവർ 13 സീറ്റുകൾ നേടി 9 ഇടത്ത് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.