National

രാഷ്ട്രപതി തെരെഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണം, നേതാക്കളുടെ യോഗം വിളിച്ച് മമത ബാനര്‍ജി

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂൺ 15 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം. എൻഡിഎ ഇതര മുഖ്യമന്ത്രിമാർക്കും മമത കത്തയച്ചിച്ചുണ്ട്. സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിവർക്കാണ് കത്ത്. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണമെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടി. ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18നാണ് നടക്കുക. ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടർമാരാണുള്ളത്. 776 എംപിമാരും 4,033 എംഎൽഎമാരും ചേർന്നതാണിത്. പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടോറൽ കോളേജ്. എംപിമാരും എംഎൽഎമാരും ചേർന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു. 5,43,200 ആണ് എംപിമാരുടെ വോട്ട് മൂല്യം. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,231 ആണ്. എന്നാൽ രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടാകില്ല. 50 പേരാണ് പുതിയ സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യേണ്ടെത്. പിന്താങ്ങാനും 50 പേർ വേണം.