വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.
ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്സ് ഇന്‍ഡസ്ട്രീസില്‍ വിഷവാതക ചോര്‍ച്ച. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.
വിഷവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും സ്ഥലത്തെത്തി.
സമീപത്തുള്ള വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകളെ വീടുകളിൽ നിന്നൊഴിപ്പിക്കുകയാണ്. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട് പലരും തെരുവിൽ കിടക്കുകയാണ്. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്.