National

വേനല്‍ കടുക്കുന്നു; വറ്റി വരണ്ട് ഗോദാവരി നദി

വേനലില്‍ മഹാരാഷ്ട്രയിലെ ഗോദാവരി നദി വറ്റിവരളുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രധാന ജലസ്രോതസാണ് നാസിക്കിലെ ത്രിയംഭകേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന ഗോദാവരി നദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി കൂടിയാണിത്.

നദിയുടെ വരള്‍ച്ച ഗോദാവരിയെ ആശ്രയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കും. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും വെള്ളം ലഭ്യമല്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു.

‘മരിച്ചുപോയ പിതാവിന്റെ കര്‍മത്തിന് വേണ്ടി ഇവിടെ വന്നതാണ്, പക്ഷേ നദിയില്‍ വെള്ളമില്ല, നദി പൂര്‍ണ്ണമായും വറ്റിയിരിക്കുന്നു’ പ്രദേശവാസിയുടെ പ്രതികരണമായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നദി വറ്റിവരണ്ടതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാകുന്നില്ലെന്നാണ് ആളുകളുടെ പരാതി. വേനല്‍ കാലം ആരംഭിക്കും മുന്‍പേ നദിയുടെ അവസ്ഥ പരിതാപകരമാണെന്നും, മാലിന്യം കുന്നുകൂടുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ഇന്ത്യയിലെ പുണ്യ തീര്‍ത്ഥാടനങ്ങളിലൊന്നാണ് നാസിക്കിലെ ഗോദാവരി തീരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചവടി. കുംഭകാലത്ത് നദിയില്‍ പുണ്യസ്‌നാനം ചെയ്യുന്നതിന് നിരവധി തീര്‍ഥാടകരാണ് എത്താറുള്ളത്. നദിയുടെ വിഷയം സര്‍ക്കാര്‍ വേഗത്തില്‍ പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.