National

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

Covid India Updates: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്. ഇന്നലെ 30 മരണങ്ങൾ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ സജീവ കേസുകൾ 99,602 ആയി ഉയർന്നു, ഇത് മൊത്തം കേസുകളുടെ 0.23 ശതമാനമാണ്. തമിഴ്‌നാട്ടിൽ 748, ബംഗാളിൽ 679, കർണാടകയിൽ 630 സജീവ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം ഡൽഹിയിൽ സജീവ കേസുകളുടെ എണ്ണം 71 ആയി കുറഞ്ഞു.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.30 ശതമാനമാണ്. ഇന്നലെ 11,574 രോഗികൾ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചു. ഇതിൽ 3,566 പേർ മഹാരാഷ്ട്രയിൽ നിന്നും 2,814 പേർ കേരളത്തിൽ നിന്നും 941 പേർ ഡൽഹിയിൽ നിന്നുമാണ്. ഹരിയാനയിൽ 664 പേരും യുപിയിൽ 651 പേരും കൊവിഡിൽ നിന്നും മുക്തി നേടി. രാജ്യത്ത് ഇതുവരെ 4,28,08,666 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.