National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും, മുഖ്യമന്ത്രി ആരാകുമെന്നത് സസ്പെൻസ്

കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി അക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ “സമാന ചിന്താഗതിക്കാരായ” എല്ലാ പാർട്ടികൾക്കും കോൺഗ്രസ് ക്ഷണം അയച്ചിട്ടുണ്ട്.

കർണാടക മന്ത്രിസഭയുടെ അന്തിമ രൂപരേഖ രണ്ട് ദിവസത്തിനകം പുറത്തുവരുമെന്നാണ് സൂചന. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കാൻ കോൺഗ്രസ് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എംഎൽഎമാരുടെ യോഗം ചേരുകയാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷന് വിടുന്ന പ്രമേയം കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് അന്തിമ തീരുമാനമുണ്ടാകില്ലെങ്കിലും എല്ലാ എം.എൽ.എമാരുടെയും അഭിപ്രായം ആരാഞ്ഞേക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുയായികൾ യോഗം നടക്കുന്ന ബെംഗളൂരു ഹോട്ടലിന് പുറത്തുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിംഗ് അൽവാർ എന്നിവരാണ് കർണാടക സിഎൽപി യോഗത്തിന്റെ നിരീക്ഷകർ.