National

ലോക്‌സഭ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ചെലവിട്ടത് 820 കോടി രൂപ

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിനായി കോണ്‍ഗ്രസ് ചെലവഴിച്ചത് 820 കോടി രൂപ. ഒക്‌ടോബര്‍ 31നു തിരഞ്ഞെടുപ്പ് കമ്മിഷനു പാര്‍ട്ടി സമര്‍പ്പിച്ച കണക്കാണിത്.

പാര്‍ട്ടി പ്രചാരണങ്ങള്‍ക്കായി 626.3 കോടിയും സ്ഥാനാര്‍ഥികള്‍ക്കായി 193.9 കോടി രൂപയും ചെലവഴിച്ചു. കേരളത്തില്‍ 13 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെലവിട്ടത് 516 കോടി രൂപയായിരുന്നു. ബി.ജെ.പി ഇതുവരെ കണക്ക് സമര്‍പ്പിച്ചിട്ടില്ല. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവിട്ടത് 714 കോടി രൂപയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വ്യോമ യാത്രയ്ക്കായി മാത്രം 40 കോടി രൂപയാണ് ചെലവാക്കിയത്. താരപ്രചാരകരുടെയും മറ്റ് സ്ഥാനാര്‍ത്ഥികളുടെയും യാത്രകള്‍ക്കായി 86 കോടി രൂപയും ചെലവഴിച്ചു. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ പ്രചാരണം ഏറ്റെടുത്ത ഡിസൈന്‍ ബോക്‌സ്ഡ് എന്ന കമ്പനിക്ക് 12 കോടിരൂപയാണ് നല്‍കിയത്.

പാര്‍ട്ടി പ്രചാരണത്തിനായി ചെലവിട്ട 626.36 കോടിയില്‍ 573 കോടി ചെക്ക് വഴിയും 14.33 കോടി പണമായും ആണു നല്‍കിയിരിക്കുന്നത്. പോസ്റ്ററിനും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കുമായി 47 കോടി ചെലവിട്ടു. ഛത്തിസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ 40 കോടി ചെലവഴിച്ചു. യു.പിയില്‍ 36 കോടിയും മഹാരാഷ്ട്രയില്‍ 18 കോടിയും ബംഗാളില്‍ 15 കോടിയും ചെലവായി.

എന്‍.സി.പി 11,7 കോടി രൂപയാണ് ചെലവഴിച്ചത്. ജെ.ഡി.എസ് 4.5 കോടി രൂപയും ജെ.ഡി.യു 6.64 കോടി രൂപയും ചെലവഴിച്ചു. സമാജ് വാദി പാര്‍ട്ടി 5.5 കോടിയും ശിവസേന 6.5 കോടിയും ചെലവിട്ടതായി കണക്കുകള്‍ പറയുന്നു. 2013 മുതല്‍ ബി.ജെ.പിയും കോണ്‍ഗ്രസും ചെലവഴിക്കുന്ന തുക തമ്മിലുള്ള വിടവ് വര്‍ദ്ധിച്ച് വരികയാണ്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേക്കാള്‍ നാലിരട്ടി തുകയാണ് ബി.ജെ.പി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.