‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിന് മുന്നിലെ ഡെസ്ക് പ്ലേറ്റ് ചർച്ചയാകുന്നു. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത് സ്ഥാപിച്ചത്.
ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്ക് രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് വലിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആരോപണം.
ഇതിനിടെയാണ് ജി20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു പ്രദർശിപ്പിച്ചത്. ഇതിനൊപ്പം ദേശീയപതാകയും വച്ചിരുന്നു. ‘ഭാരത്’ എന്ന ഡെസ്ക് പ്ലേറ്റിൻ്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. നേരത്തേ, മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നാക്കിയിരുന്നു.