National

അസം വെള്ളപ്പൊക്കം; 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ

അസമിലെ പ്രളയത്തിൽ ദുരിതത്തിലായിരിക്കുന്നത് 1.97 ലക്ഷം പേരെന്ന് സർക്കാർ. 20 ജില്ലകളാണ് വെള്ളപ്പൊക്ക ദുരിതത്തിലായിരിക്കുന്നത്. കച്ചാർ ജില്ലയിൽ മാത്രം 51,357 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ 16,645 ഹെക്ടർ പാടശേഖരവും കൃഷിയും വെള്ളത്തിലായി.

അസമിലെ പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായത്. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലേക്കുള്ള തീവണ്ടി ഗതാഗതവും പാളത്തിൽ മണ്ണ് വീണതിനെ തുടർന്ന് സ്തംഭിച്ചിരിക്കുകയാണ്.

സൈന്യത്തിനും അർധസൈനിക വിഭാഗത്തിനും കേന്ദ്രദുരന്ത നിവാരണ സേനക്കൊപ്പം സംസ്ഥാന ടീമും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.

ഇന്ത്യൻ ആർമി, അർധസൈനിക സേന, ഫയർ ആൻഡ് എമർജൻസി സർവീസസ്, എസ്ഡിആർഎഫ്, സിവിൽ അഡ്മിനിസ്ട്രേഷൻ, പരിശീലനം ലഭിച്ച സന്നധപ്രവർത്തകർ എന്നിവരെ ഒഴിപ്പിക്കലിനും ദുരിതാശ്വാസ നടപടികൾക്കുമായി സർക്കാർ വിന്യസിച്ചിട്ടുണ്ട്. കച്ചാർ ജില്ലാ ഭരണകൂടവും അസം റൈഫിൾസും സംയുക്തമായി ബരാഖ്‌ല മേഖലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചു.