National

ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ച് എയർ ഇന്ത്യ

ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ച് എയർ ഇന്ത്യ. ജീവനക്കാർ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാ​ഗമായാണ് യോഗ്യതാ പ്രായം 55ൽ നിന്ന് 40 ആയി കുറച്ചത്. ഇതിനു പുറമെ വിരമിക്കുന്ന ജീവനക്കാർക്ക് കമ്പനി ക്യാഷ് ഇൻസെന്റീവ് പ്രഖ്യാപിക്കുകയും ചെയ്തു.

ടാറ്റ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളായ ടാറ്റ സ്റ്റീൽ, വിസ്താര എന്നിവയിൽ ജോലി ചെയ്തിട്ടുള്ള സീനിയർ, മിഡിൽ ലെവൽ എക്സിക്യൂട്ടീവുകളെ ഉൾപ്പെടുത്തി എയർലൈനിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരൻ മാനേജ്മെൻ്റിൻ്റെ ഘടനയിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

എയർ ഇന്ത്യയുടെ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച്, സ്ഥിരം ജീവനക്കാർക്ക് 55 വയസോ അതിൽ കൂടുതൽ പ്രായമുള്ളവർക്കും, 20 വർഷമായി കാരിയറിൽ ജോലി ചെയ്തിട്ടുള്ളവർക്കുമാണ് സ്വമേധയാ വിരമിക്കലിന് അപേക്ഷ നൽകാൻ സാധിക്കുക. ജൂൺ ഒന്നിനും ജൂൺ 30 നും ഇടയിൽ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്ന ജീവനക്കാർക്ക് നഷ്ടപരിഹാര തുകയ്ക്ക് മുകളിലുള്ള അധിക ഇൻസെന്റീവും ലഭിക്കും.