National

മോദി സർക്കാരിന് 8 വയസ്; ഗ്രാമ നഗര വ്യത്യാസമില്ലാതെ രണ്ടാഴ്ച നീളുന്ന വാർഷികാഘോഷ പരിപാടികൾ

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് എട്ട് വർഷം തികയും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്പർക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ എട്ടു വർഷങ്ങളെന്നും നല്ല ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയും പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നുമാണ് പ്രധാനമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്

കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സാമ്പത്തികം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ വിവിധ വിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ സാധാരണക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിമാസ പെന്‍ഷന്‍ ലഭിച്ചു. കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ലഭിച്ചു. ജൈവകൃഷിക്ക് നയം രൂപീകരിച്ചു.

ജന്‍ ധന്‍ യോജന, ഉജ്ജ്വല യോജന, കിസാന്‍ സമ്മാന്‍ നിധി, ആയുഷ്മാന്‍ ഭാരത് യോജന, ഗരീബ് കല്യാണ്‍ യോജന, സ്വച്ഛ് ഭാരത് യോജന, ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍, ഡിജിറ്റല്‍ ഇന്ത്യ, ഗ്രാം വികാസ് യോജന, ജിഎസ്ടി തുടങ്ങിയ നിരവധി പദ്ധതികള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഇന്ത്യയെ സ്വാശ്രയമാക്കുകയും ചെയ്തു. ആത്മ നിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍, ഗതി ശക്തി യോജന, പിഎല്‍ഐ (ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി) തുടങ്ങിയ പദ്ധതികള്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. മാത്രമല്ല അതിര്‍ത്തിക്കപ്പുറമുള്ള ഭീകര ക്യാമ്പുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച തീരുമാനങ്ങളുടെ ഫലമാണ്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയും മുന്നേറുകയാണ്. ബിജെപി ഇന്ന് 18 കോടിയിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയാണ്. 2014ല്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഏഴു സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടായിരുന്നു. ഇന്ന് 18 സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നു. ഇതാദ്യമായി രാജ്യസഭയില്‍ ബിജെപിക്ക് 100 എംപിമാരുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ആസാം, ഗോവ, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചരിത്രങ്ങള്‍ ബിജെപി തിരുത്തിക്കുറിച്ചു.