ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ ഇടിച്ചിറങ്ങിയതാകാമെന്ന് നാസ. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രത്തില്‍ ലാന്‍ഡര്‍ പതിഞ്ഞിട്ടില്ല
നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടത്. ഈ മാസം 17നാണ് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.
വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്. ചിത്രം എടുത്ത സമയത്ത് വെളിച്ചം കുറാവായതിനാലും പല മേഖലകളും നിഴലിലായതിനാലും ലാന്‍ഡറിനെ തിരിച്ചറിയാനായില്ല. ലഭിച്ച ചിത്രങ്ങളില്‍ നിന്നും വിക്രം ലാന്‍ഡര്‍ ദക്ഷിണ ദ്രുവത്തില്‍ ഇടിച്ചിറങ്ങിയെന്ന നിഗമനത്തിലാണ് നാസ. ഓക്ടോബര്‍ 14ന് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ദക്ഷിണധ്രുവത്തിന് മുകളിലൂടെ വീണ്ടും സഞ്ചരിക്കും. ആ സമയത്ത് ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പകര്‍ത്താമെന്ന പ്രതീക്ഷയിലാണ് നാസ. വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയാതാകാമെന്ന അനുമാനത്തിലാണ് ഐ.എസ്. ആര്.ഒയും ഉള്ളത്.
ചന്ദ്രയാന്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ തെര്‍മല്‍ ഇമേജുകളില്‍ ലാന്‍ഡറിനെ കാണാനായിരുന്നു. ലാന്‍ഡറിന്റെ അവസാന നിമിഷത്തിലെ പാളിച്ചയെ കുറിച്ച് ഐ.എസ്.ആര്.ഒ യുടെ വിദഗ്ധ സമിതി വിശകലനം ചെയ്യുന്നുണ്ട്.