India Kerala

അരൂരില്‍ ഷാനി മോള്‍, എറണാകുളത്ത് വിനോദ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളായി. തർക്കം നിലനിന്നിരുന്ന അരൂരിൽ ഷാനിമോൾ ഉസ്മാൻ മത്സരിക്കും. കോന്നിയിൽ പി.മോഹന്‍ രാജും വട്ടിയൂർക്കാവിൽ അഡ്വ. കെ. മോഹന്‍ കുമാറും എറണാകുളത്ത് ടി.ജെ വിനോദുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് നടക്കും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ മുൻ എം.എൽ.എയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്നു അഡ്വക്കേറ്റ് കെ. മോഹൻകുമാർ ആണ് കോൺഗ്രസിനായി മത്സരിക്കുക. പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രതിച്ഛായ മുൻനിർത്തി ഉയർന്ന വിവാദങ്ങളാണ് മോഹൻകുമാറിന് നറുക്ക് വീഴാൻ കാരണം. അവസാന നിമിഷം വരെ അടൂർ പ്രകാശ് റോബിൻ പീറ്ററിനായി വാദിച്ചെങ്കിലും എൻ.എസ്.എസിന്റെ ഇടപെടൽ ഉണ്ടായതോടെ പി.മോഹനൻ രാജന് സീറ്റ് നൽകുകയായിരുന്നു. മോഹൻരാജ് മുൻ ഡി.സി.സി പ്രസിഡന്റ് പത്തനംതിട്ട മുനിസിപ്പാലിറ്റി മുൻ ചെയർമാനുമാണ്.

കോന്നിയിൽ പി. മോഹൻരാജ് ആയതോടെ അരൂരിൽ ഈഴവ വിഭാഗത്തിൽ നൽകണമെന്ന് ചർച്ചകൾ നടന്നെങ്കിലും ഷാനി മോള്‍ ഉസ്മാനെ നേതൃത്വം പരിഗണിക്കുകയായിരുന്നു. കഴിഞ്ഞതവണ പാർലമെന്റ് ആലപ്പുഴ മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും അരൂർ നിയമസഭാ മണ്ഡലത്തിൽ ഷാനിമോൾ ലീഡ് നേടിയിരുന്നു. കെ.വി തോമസ് അവകാശവാദമുന്നയിച്ച് എങ്കിലും എറണാകുളത്ത് ടി.ജെ വിനോദ് സ്ഥാനാർത്ഥിത്വത്തിൽ വലിയ തർക്കങ്ങൾ ഉണ്ടായില്ല. കെ.പി.സി.സി പ്രസിഡന്റ് മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അന്തിമ സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകിയത്. സ്ഥാനാർഥി പട്ടിക ഇന്നലെ ഹൈക്കമാൻഡിന് അയച്ചു. സംസ്ഥാന നേതാക്കൾ സമവായത്തിലൂടെ സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തതിനാൽ ഈ പട്ടികയിൽ മാറ്റം ഉണ്ടാകാൻ വഴിയില്ല. ഇന്നു തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.