India National

പാകിസ്താനില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്‍റെ റാലി: മോദി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് റാലി നടത്തുന്നത്. മതപീഡനത്തിന് വിധേയമായതുകൊണ്ടാണ് പാകിസ്താനിലെ ന്യൂനപക്ഷം അഭയാര്‍ഥികളായി ഇങ്ങോട്ടുവരുന്നത്. പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ തുറന്നുകാണിക്കണമെന്നും മോദി കര്‍ണാടകയില്‍ പറഞ്ഞു.

പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുകയാണ്. പക്ഷേ കോണ്‍ഗ്രസും സഖ്യ കക്ഷികളും പാകിസ്താനെതിരെ ഒന്നും പറയില്ല. മതത്തിന്‍റെ പേരിലുള്ള അതിക്രമം തടയാനും സ്ത്രീകളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും രക്ഷിക്കാനുമുള്ള നടപടികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് റാലി നടത്തുന്നത്. പാകിസ്താനോട് അതിക്രമം നിര്‍ത്താന്‍ അവരൊന്നും ആവശ്യപ്പെടാത്തതെന്തെന്നും മോദി ചോദിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദം അവസാനിപ്പിക്കുന്നതിനുള്ള ചുവടുവെപ്പാണ്. കൂടാതെ ജമ്മു കശ്മീരിലെ അനിശ്ചിതത്വം അവസാനിപ്പിക്കാനുള്ള നീക്കമായിരുന്നു അതെന്നും മോദി അവകാശപ്പെട്ടു.