India

തമിഴ്നാട്ടില്‍ മുസ്‍ലിം ലീഗിന് മൂന്ന് സീറ്റ്; ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനം തീരുമാനമായില്ല

തമിഴ്നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ സമവായമായില്ല. മുസ്‍ലിം ലീഗിന് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. ആറ് സീറ്റുകളില്‍ വിടുതലൈ ചിരുതൈകള്‍ മത്സരിക്കും. ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിനും വിസികെ നേതാവ് തോല്‍ തിരുമാവളവനും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

മുസ്‍ലിം ലീഗിന് മൂന്നും മനിതനേയ മക്കള്‍ കച്ചിക്ക് രണ്ടും സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. 41 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ആദ്യം 12 സീറ്റേ കോണ്‍ഗ്രസിന് നല്‍കൂ എന്നാണ് ഡിഎംകെ പറഞ്ഞത്. പിന്നീടത് 18 ആയി ഉയര്‍ത്തി. ഏറ്റവും ഒടുവിലത്തെ തീരുമാനം 20 സീറ്റ് നല്‍കുമെന്നാണ്. ഇടത് പാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുകള്‍ വരെയേ നല്‍കൂ എന്നാണ് ഡിഎംകെയുടെ നിലപാട്. കോണ്‍ഗ്രസ് – ഇടത് പാര്‍ട്ടികള്‍ അസംതൃപ്തരാണ്.

കോണ്‍ഗ്രസ് സാഹചര്യം മനസ്സിലാക്കണമെന്നും സഖ്യത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നുമാണ് ഡിഎംകെ പറയുന്നത്. ഡിഎംകെ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ സഖ്യത്തില്‍ തുടരണോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. കമല്‍ഹാസന്‍റെ മക്കള്‍ നീതിമയ്യം കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.