India National

മതാടിസ്ഥാനത്തില്‍ പൌരത്വം നല്‍കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുമെന്ന് മുസ്‍‌ലിം ലീഗ്

അസ്സമിലെ പൌരത്വ പട്ടികയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മനുഷ്യാവകാശ പ്രശ്നമായി പരിഗണിക്കണമെന്ന് മുസ്‍ലിം ലീഗ്. പൌരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കലാണെന്നും ലീഗ് ആരോപിച്ചു. മനുഷ്യാവകാശ ലംഘനത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുസ്‍ലിം ലീഗ് നേതൃത്വം അസമില്‍ സന്ദര്‍ശനം നടത്തിയത്. മുസ്ലിം ലീഗ് പ്രസിഡന്‍റ് പ്രൊഫ ഖാദര്‍ മൊയ്ദീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.സി അബ്ദുള്‍ വഹാബ്, എം.കെ മുനീര്‍ അടക്കമുള്ളവരുടെ സംഘമാണ് അസ്സാമില്‍ എത്തിയത്. പൌരത്യ രജിസ്റ്ററില്‍ നിന്ന് പുറത്തായവരുമായും ആക്ടിവിസ്റ്റുകളുമായും സംഘം കൂടിക്കാഴ്ച നടത്തി.

അസ്സമിലെ പ്രശ്നം മനുഷ്യാവകാശ പ്രശ്നമായി കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പൌരത്വം മതാടിസ്ഥാനത്തില്‍ നല്‍കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കും. പൌരന്മാരെ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വ പട്ടികയിൽ നിന്ന് പുറത്തായവർക്കു വേണ്ടി മുസ്‍ലിം ലീഗ് ആസാം ഘടകം ആരംഭിക്കുന്ന ഹെൽപ് ഡസ്കിന്‍റെ ഉദ്ഘാടനവും പ്രൊഫ: ഖാദർ മൊയ്ദീൻ നിർവ്വഹിച്ചു.