യു.എ.ഇയിൽ നിന്നും സൗദിയിൽ നിന്നും കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ട് വിമാനങ്ങൾ കൂടി നാട്ടിലേക്ക് തിരിച്ചു.
വിദേശ വിമാന കമ്പനികൾക്ക് കൂടി അനുമതി നൽകിയ സാഹചര്യത്തിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾ കേരളത്തിലേക്ക്. നിരവധി സന്നദ്ധ സംഘടനകളാണ് പുതുതായി ചാർട്ടർ വിമാനങ്ങൾ പ്രഖ്യാപിച്ചത്. ജീവനക്കാരെ ഒഴിപ്പിക്കാൻ ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ നിരവധി സ്ഥാപനങ്ങളും തീരുമാനിച്ചു.
വന്ദേഭാരത് മിഷൻ മുഖേനയുള്ള വിമാന സർവീസുകൾ കുറച്ചുകൊണ്ട് ചാർട്ടർ വിമാനങ്ങളുടെ എണ്ണം ഉയർത്താനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ആയിരങ്ങളാണ് കാത്തിരിപ്പ് തുടരുന്നത്. ദുരിതബാധിതരായ നൂറുകണക്കിനാളുകളാണ് നിത്യവും ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും മറ്റും എത്തിച്ചേരുന്നത്. എന്നാൽ ആരും കോൺസുലേറ്റിലേക്ക് വരേണ്ടതില്ലെന്നും കൂടുതൽ ചാർട്ടർ വിമാനങ്ങളും മറ്റും വരുന്നതോടെ പ്രതിസന്ധി തീരുമെന്നുമാണ് ഇന്ത്യൻ കോൺസുൽ ജനറൽ നൽകുന്ന വിശദീകരണം.
യു.എ.ഇയിൽ നിന്നും സൗദിയിൽ നിന്നും കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ട് വിമാനങ്ങൾ കൂടി നാട്ടിലേക്ക് തിരിച്ചു. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താൻ ഗൾഫിലെ കെ.എം.സി.സി ഉൾപ്പെടെ നിരവധി സംഘടനകളും സജീവ നീക്കത്തിലാണ്. ആദ്യഘട്ടത്തിൽ അഞ്ചു വിമാനങ്ങൾ ഏർപ്പെടുത്താൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ തീരുമാനിച്ചു.
മലബാർ ജ്വല്ലറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തും. ജീവനക്കാരെ തൽക്കാലം നാട്ടിലേക്ക് മാറ്റാനുളള നീക്കത്തിെൻറ ഭാഗമായി വിവിധ കമ്പികളും രംഗത്തുണ്ട്. അതേ സമയം എംബസികളിലും കോൺസുലേറ്റുകളിലും രജിസ്റ്റർ ചെയ്ത മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് എന്ന് നാട്ടിലെത്താൻ സാധിക്കുമെന്ന അനിശ്ചിതത്വം തുടരുകയാണ്.