India

രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്; സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലും ജി.ഡി.പി ഇടിഞ്ഞു

രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്. ഈ വർഷത്തെ രണ്ടാം പാദത്തിലും ജി.ഡി.പിയിൽ ഇടിവ് രേഖപ്പെടുത്തി. 8.6 ശതമാനത്തിന്റെ ഇടിവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കാക്കിയത്. ആദ്യ പാദത്തിലെ ഇടിവ് 23.9 ശതമാനമായിരുന്നു.

2020-21 സാമ്പത്തിക വ൪ഷത്തിലെ ആദ്യ പാദത്തിൽ ജി.ഡി.പിയിൽ 23.9% ത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂലൈ മുതൽ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്ക്. 8.6% ഇടിവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കാക്കിയത്. രണ്ടോ അതിലധികമോ പാദങ്ങളിൽ തുടര്‍ച്ചയായി ജി.ഡി.പിയിൽ ഇടിവ് രേഖപ്പെടുത്തിയാൽ സാങ്കേതികമായി സാമ്പത്തിക മാന്ദ്യം ഉണ്ടായതായി കണക്കാക്കും.

ഈ മാസം അവസാനത്തോടെ രണ്ടാം പാദത്തിലെ കണക്ക് പുറത്തുവരും. ഇതോടെ രാജ്യം ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമെന്നാണ് ആര്‍.ബി.ഐ കണക്കാക്കുന്നത്. മോദിയുടെ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെ ദുര്‍ബലമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇത് നാണയപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായേക്കും. മാന്ദ്യം മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികളും ആര്‍.ബി.ഐ സ്വീകരിച്ചുവരുന്നുണ്ട്. അടുത്ത പാദത്തിൽ നില മെച്ചപ്പെടുമെന്നും ആര്‍. ബി.ഐ പ്രതീക്ഷിക്കുന്നുണ്ട്.