India Kerala

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ. 51 ശതമാനം അധിക മഴയാണ് ഒക്ടോബര്‍ 1 മുതല്‍ 31 വരെ കേരളത്തില്‍ ലഭിച്ചത്. ഈ മാസം അവസാനം വരെ തുലാവര്‍ഷം തുടരുമെന്ന് കാലവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

തുലാവര്‍ഷം ഇത്തവണ സംസ്ഥാനത്തിന് നല്‍കിയത് രണ്ട് ചുഴലിക്കാറ്റുകളും അധികമഴയും. ക്യാര്‍ ചുഴലിക്കാറ്റും മഹാ ചുഴലിക്കാറ്റുമാണ് കനത്ത മഴയ്ക്കും കടലാക്രമണത്തിനും കാരണമായത്. സാധാരണ ഒകടോബര്‍ 1 മുതല്‍ 31 വരെ 330 മില്ലീ മീറ്റര്‍ മഴയാണ് നമുക്ക് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 497 മില്ലീ മീറ്റര്‍ മഴ .51 ശതമാനം അധികമഴ രേഖപ്പെടുത്തി. ലക്ഷദ്വീപില്‍ മഴ കലിതുള്ളി പെയ്തു തീര്‍ക്കുകയായിരുന്നു. 159 മില്ലീമീറ്റര്‍ ലഭിക്കേണ്ടിടത്ത് 540 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞ മാസം ലക്ഷദ്വീപില്‍ പെയ്തത്. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും അധിക മഴ ലഭിച്ചിട്ടുണ്ട്. കാസര്‍കോട് 116 ശതമാനവും കോഴിക്കോട് 96 ശതമാനവുമാണ് രേഖപ്പെടുത്തിയത്. അറബിക്കടലില്‍ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ട അപൂര്‍വ പ്രതിഭാസവും ഇത്തവണത്തെ തുലാവര്‍ഷത്തിനുണ്ട്.